ഈ കഥ നടക്കുന്നത് ഇരുപതാം നൂറ്റാണ്ടിലാണ്. കൃത്യമായി പറഞ്ഞാൽ ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ടിൽ. ഇന്നത്തെ പോലെ ഇൻറർനെറ്റിൽ അന്വേഷിച്ചു യാത്രാപദ്ധതി തയ്യാറാക്കാനുള്ള സൗകര്യം ഒന്നും ഇല്ല. ആകെ ഉള്ളത് തിരുവനതപുരം പബ്ലിക് ലൈബ്രറിയിലെ ചില പുസ്തകങ്ങളും പിന്നെ പങ്കജാക്ഷിയമ്മ എന്ന് പേരായ എന്റെ കുട്ടിക്കാലത്തെ ബാലഗോകുലം അദ്ധ്യാപിക ഒരു എൺപതു പേജ് ഒറ്റ ലൈൻ നോട്ടുബുക്കിൽ കുറിച്ചിട്ട അവരുടെ ചാർ ധാം യാത്രാനുഭവങ്ങളും. കോളേജിൽ അഞ്ചാം സെമസ്റ്റർ ആരംഭിക്കുന്ന സമയം ഞങ്ങൾ മൂന്നു പേര് രാജധാനി എക്സ്പ്രസ്സ് പിടിച്ചു ഡൽഹിയിലെത്തി. പിന്നെ മഞ്ഞുറഞ്ഞ യമുനോത്രി ദർശനം കഴിഞ്ഞു ബാർകോട്ട് എന്ന സ്ഥലത്തെത്തി.
[Yamunotri Sadhus]
അവിടുന്ന് ഉത്തർകാശിയിലേക്കു ബസ് കിട്ടും. പക്ഷെ ഞങ്ങൾക്ക് കിട്ടിയ ബസ് നിറഞ്ഞു കവിഞ്ഞിരുന്നു. ഒരാൾ അതിനുള്ളിൽ കേറണമെങ്കിൽ രണ്ടാൾ ഇറങ്ങണം എന്ന അവസ്ഥ. അന്ന് പോയില്ലെങ്കിൽ പദ്ധതി ആകെ കുളമാവുകയും ചെയ്യും. ജീപ്പ് ബുക്ക് ചെയ്യാനുള്ള പൈസ ഒന്നും കോളേജ് വിദ്യാർത്ഥികളുടെ കൈയിൽ കാണില്ലല്ലോ. അങ്ങനെ ആകെ ഇതികർത്തവ്യതാമൂഢരായി നിൽക്കുമ്പോൾ ഒരു പോലീസുകാരൻ ഞങ്ങളുടെ പ്രശ്നമെന്താണെന്നു ചോദിച്ചു. കാര്യം അവതരിപ്പിച്ചു. പുള്ളി ചിരിച്ചു കൊണ്ട് ചോദിച്ചു, "നിങ്ങൾ ചെറുപ്പക്കാരല്ലേ...നിങ്ങൾക്കെന്താ മുകളിൽ കയറി ഇരുന്നു കൂടെ?"
ഹെന്ത്? ഒരു പോലീസുകാരൻ നിയമലംഘനത്തിനു പാവപ്പെട്ട ഞങ്ങളെ പ്രേരിപ്പിക്കുന്നോ?
പിന്നെ ഒട്ടും അമാന്തിച്ചില്ല. പുറകിലത്തെ കോണിപ്പടി വഴി വലിഞ്ഞു മുകളിൽ കയറുമ്പോൾ തിരിച്ചു കോളേജിൽ ചെന്ന് ഇതൊക്കെ പറഞ്ഞു ബാക്കിയുള്ളവരുടെ മനസ്സമാധാനം തകർക്കുന്ന കാര്യമോർത്തു മനസ്സിൽ പെരുമ്പറ കൊട്ടുകയായിരുന്നു (അന്ന് ലഡ്ഡു പൊട്ടി തുടങ്ങിയിട്ടില്ല).
വണ്ടി നീങ്ങിത്തുടങ്ങുമ്പോൾ ഞങ്ങളുടെ കൂടെ പത്തോളം പേർ ബസിനു മുകളിലുണ്ടായിരുന്നു. വളഞ്ഞു പുളഞ്ഞ വഴികളുടെ ഒരു മറയും ഇല്ലാതെ തണുത്ത കാറ്റേറ്റ് എത്രെയോ നേരം ആ ബസിനു മുകളിൽ! മണിക്കൂറുകൾ കഴിഞ്ഞു എവിടെയോ നിർത്തിയപ്പോൾ കിളി വിളിച്ചു പറഞ്ഞു വേണമെങ്കിൽ താഴെ ബസിനുള്ളിൽ നിൽക്കാമെന്ന്. ബസ്സിനുള്ളിൽ നിൽക്കാൻ നമ്മുടെ പട്ടിക്കുട്ടിയെ പോലും കിട്ടില്ല എന്ന തിരിച്ചറിവ് അദ്ദേഹത്തിനില്ലാത്തയായിപ്പോയി.
കുറേ കഴിഞ്ഞപ്പോൾ മൂക്കിൽ നിന്നും ചെറുതായി രക്‌തം വന്നു തുടങ്ങി. തണുത്ത കാറ്റേൽക്കുന്നതു കൊണ്ടാണെന്നോ മറ്റോ അടുത്തിരുന്നയാൾ പറഞ്ഞു. അടുത്ത സ്റ്റോപ്പിൽ തന്നെ ബസിനുള്ളിൽ കയറി ഇരുന്നു. അല്പം കഴിഞ്ഞപ്പോൾ എല്ലാം ശരിയായി. നിയമലംഘനം ഉത്തരാഖണ്ഡിൽ ആദ്യമായിട്ടായിരുന്നില്ല. ഹരിദ്വാറിൽ നിന്നും യമുനോത്രിയിലേക്കു പോകുമ്പോൾ ബസിന്റെ ഡ്രൈവർ ബീഡി കത്തിച്ചു വലിക്കുന്നു. തെറ്റല്ലേ ഇതൊക്കെ എന്ന മട്ടിൽ അടുത്തിരുന്ന ഒരു യാത്രക്കാരനെ നോക്കിയപ്പോൾ അയാൾ ഒരു ബീഡി പായ്ക്കറ്റ് എനിയ്ക്ക് വച്ച് നീട്ടി. വേണ്ട എന്ന് പറഞ്ഞു ഒരു വിൽസ് എടുത്തു കത്തിച്ചു വലിച്ചു. ആർക്കും ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ഊതി പുക പുറത്തേക്കു വിട്ടു. ആഹാഹാ. ഇതൊക്കെ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ കിടിലങ്ങൾ വിശ്വസിക്കുമോ ആവോ? കോളേജ് വല്ലാത്ത ഒരു ലഹരി ആയിരുന്നു. ആ യാത്രയിലുടനീളം ആരെങ്കിലും ഞങ്ങൾ ആരാണ് എവിടെനിന്നാണ് എന്ന് ചോദിച്ചാൽ ഞങ്ങൾക്ക് ഒരേ ഒരുത്തരമേ ഉണ്ടായിരുന്നുള്ളു - "ചാർ ധാം യാത്രക്കിറങ്ങിയ മൂന്നു എഞ്ചിനീയേഴ്‌സ്." കൂട്ടത്തിൽ പെൺകുട്ടികൾ ഉണ്ടെങ്കിൽ പറയും - “മെക്കാനിക്കൽ എഞ്ചിനീയേഴ്‌സ്”. ഞങ്ങളുടെ ബ്രാഞ്ചിൽ പെൺകുട്ടികൾ ഇല്ലാത്തതിന്റെ ഒരു അരക്ഷിതാവസ്ഥ എന്നല്ലാതെ അതിനെ ഇന്ന് വ്യാഖ്യാനിക്കാൻ പറ്റില്ല.
ഉത്തരകാശിയിലെത്തിയപ്പോൾ വൈകുന്നേമായി. ഒരു ഹോട്ടലിൽ മുറി എടുത്തതിനു ശേഷം ടൗണിലേക്കിറങ്ങി. ആദ്യം ഒരു ഗൈഡിനെ സംഘടിപ്പിക്കണം. ഗൗമുഖ് വരെ പോകാനാണെങ്കിൽ ഗൈഡിന്റെ കാര്യമായ ആവശ്യമില്ല. കൂട്ടിനു ഒരു കഴുതക്കാരെനെയോ മറ്റോ വിളിച്ചാൽ മതി. പക്ഷെ ഗൗമുഖിനും മുകളിലുള്ള തപോവൻ ആയിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. ഒരു ട്രാവൽ ഏജൻസിയിൽ കയറി ചോദിച്ചപ്പോൾ അവർ ഒരാളെ ചട്ടം കെട്ടിത്തന്നു. ഗംഗ്‌നാനി നിവാസിയായ രവീന്ദർ സിംഗ് റാവത്. ഒരു മുപ്പത്തിയഞ്ചു വയസ്സ് പ്രായം വരുന്ന നല്ല ഉയരമുള്ള ഒരു കഷണ്ടിക്കാരൻ.
അത് കഴിഞ്ഞു ഓരോ തോർത്തും വാങ്ങി ഭാഗീരഥി നദിക്കരയിലേക്കു. അല്പം ചെളി കലർന്ന വെള്ളം. നല്ല ഒഴുക്കും. മൂന്നു പേർക്കും നീന്തൽ വശമില്ലാത്തതിനാൽ നദിയോരത്തോട് ചേർന്ന് നിന്ന് കുളിച്ചു. പിന്നെ നദിക്കു കുറുകെ ഉള്ള പാലം കടന്നു ഒരു കടവിലിരുന്ന് ചന്ദ്രപ്രഭയിൽ കറുത്തിരുണ്ട് ഒഴുകുന്ന ഗംഗയെ നോക്കി കുറെ സമയം ചിലവഴിച്ചു.
രാവിലെ തന്നെ ഒരു 2 -in-1 ടേപ്പ് റെക്കോർഡറും ഒരു തടിയൻ ബാഗുമായി റാവത് ജി ഞങ്ങളെ തിരക്കി ഹോട്ടലിലെത്തി. പിന്നെ ബസിൽ കയറി ഗംഗോത്രിയിലേക്കു. വഴിയിൽ റാവത് ജിയുടെ സ്ഥലമായ ഗംഗ്‌നാനി എത്തി. ചൂട് നീരുറവ ഉള്ള സ്ഥലമാണ് ഗംഗ്‌നാനി . ബസ് ആയതു കൊണ്ട് നിർത്തിക്കാണാൻ നിർത്തിക്കാണാനോ കുളിക്കാനോ നിർവാഹമില്ലാത്തതിനാൽ റാവത് ജിയുടെ വിശദീകരണം കേട്ട് തൃപ്തിപ്പെട്ടു. പിന്നെ ഹർസിൽ, ധരാലി, ഹനുമാൻചട്ടി മുതലായ സ്ഥലങ്ങൾ പിന്നിട്ടു ഗംഗോത്രി. ഹർസിൽ എത്തിയപ്പോൾ തന്നെ തണുപ്പ് കൂടി. ചില സ്ഥലങ്ങളിൽ റോഡിനിരുവശവും അലിയാത്ത ഐസ് ഗ്ലേഷിയറുകൾ. ഹർസിൽ എന്ന പേര് മനസ്സിൽ കുറിച്ചിട്ടു. പിന്നീടെപ്പോഴെങ്കിലും വരണം. ആപ്പിൾ പൈൻ എന്നീ മരങ്ങളും ഗംഗാ നദിയും പർവത ശിഖരങ്ങളും ഒക്കെയുള്ള മനോഹരമായ സ്ഥലം.
ഗംഗോത്രി. ബസ് നിൽക്കുന്നിടത്തു നിന്നും ഒരു മുന്നൂറു മീറ്റർ നടക്കണം ക്ഷേത്രത്തിലേക്ക്. ഇരു വശവും ഭക്ഷണശാലകളും കടകളിൽ പൂജ സാമഗ്രികൾ വിൽക്കുന്ന കടകളും ചെറു ലോഡ്ജുകളും. ഭാഗീരഥിയുടെ ആരവവും ടെപ് റെക്കോർഡറുകളിൽ നിന്നുള്ള ഗംഗ ആരതിയും എല്ലായിടവും മുഴങ്ങിക്കേൾക്കുന്നുണ്ട്. ആകെ ഒരു ഉത്സവ അന്തരീക്ഷം. യാത്ര സീസൺ ആയതിനാൽ തീർത്ഥാടകരുടെ നല്ല തിരക്ക്.
അല്പം നടന്നപ്പോൾ പാത രണ്ടായി പിരിയുന്ന ഒരു സ്ഥലത്തെത്തി. വലത്തോട്ട് നടന്നാൽ ഭഗീരഥിയുടെ മുകളിലൂടെ അക്കരെയെത്താനുള്ള ഒരു പാലം. മുന്നിലേക്ക് നടന്നാൽ ഗംഗോത്രി ക്ഷേത്രം. ഭാഗീരഥിയുടെ ഇടത്തെ കരയിലാണ് ഗംഗോത്രി ക്ഷേത്രം. അവിടെ നിന്ന് നോക്കിയാൽ കാണാവുന്ന കൂറ്റൻ പർവതങ്ങൾ. പണ്ടൊരു കാലത്തു ഗംഗയുടെ ഉത്ഭവം ഇവിടെയായിരുന്നത്രെ. ഐസ് ഗ്ലേഷിയറുകൾ അലിഞ്ഞലിഞ്ഞു ഉത്ഭവസ്ഥാനം പതിനെട്ടു കിലോമീറ്റർ പുറകിലേക്ക് പോയിരിക്കുന്നു.
റാവത് ജി നദിയുടെ വലത്തേക്കരയിൽ ഒരു ചെറിയ ഹോട്ടലിൽ ഞങ്ങളുടെ താമസം ഒരുക്കിത്തന്നു. നൂറു രൂപയോ മറ്റോ ആണ് മൂന്നാൾക്കും കൂടി. ഹോട്ടൽ എന്ന് പറയാൻ മാത്രം ഒന്നുമില്ല. കട്ടിൽ പോലും ഇല്ലാത്ത ഒരു ചെറിയ മുറി. റാവത് ജി സ്ലീപ്പിങ് ബാഗുകൾ കൊണ്ട് വന്നിട്ടുള്ളതിനാൽ ഉറക്കം ഒരു വിഷയം ആവാൻ വഴിയില്ല. മനസ്സിൽ പ്രതീക്ഷിച്ചതിലും എത്രയോ മനോഹരമായിരുന്നു ഗംഗോത്രി. മെയ് മാസമായതിനാൽ ചുറ്റുമുള്ള ഗിരിശിഖരങ്ങളിലെല്ലാം മഞ്ഞു വീണു കിടക്കുന്നു. ഭാഗീരഥിയ്ക്കു ദേവപ്രയാഗിൽ കാണുന്ന നീലനിറമല്ല, ചെളിയും മറ്റും കലർന്ന ഒരു ബ്രൗൺ നിറം. നല്ല ശക്തിയുള്ള ഒഴുക്കും. ക്ഷേത്രദർശനം കഴിഞ്ഞു ആ കുഞ്ഞു പ്രദേശം ആകെയൊന്നു ചുറ്റിക്കണ്ടു. കൂട്ടത്തിൽ മുഖ്യം സൂരജ് കുണ്ഡ് എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം തന്നെ. ചെത്തി വച്ചതു പോലെയുള്ള മഞ്ഞ കല്ലുകളുടെ മുകളിൽ നിന്നും അമ്പതു മീറ്റർ താഴേക്ക് പതിക്കുന്ന ഭാഗീരഥി. നദീപ്രവാഹം കല്ലുകളെ എങ്ങനെ ചെത്തി മിനുക്കിയെടുക്കുന്നു എന്ന് കാണണമെങ്കിൽ ഇവിടെ വരണം.
ഭാഗീരഥിയുടെ വലത്തേക്കരയിൽ ഒരുപാട് സത്സംഗങ്ങൾ നടക്കുന്നുണ്ടായിരുന്നു. എങ്ങും ഉച്ചഭാഷിണികളുടെ ബഹളം. താൽകാലിക വേദികൾ കെട്ടിപ്പൊക്കി ഓരോ ആശ്രമങ്ങളുടെ വകയായി നടത്തുന്ന പ്രഭാഷങ്ങളും ഭജനകളും. അവയ്ക്കിടെയിലൂടെ നടക്കുമ്പോൾ അതാ ഒരുഗ്രൻ കുതിര. ഒത്ത ബ്രൗൺ നിറവും ചീകി മിനുക്കിയ രോമവുമൊക്കെയായി ശാന്തനായി ഭാഗീരഥി തീരത്തു പുല്ലും തിന്നു നിൽക്കുന്നു. അതിന്റെ കൂടെ നിന്ന് ഫോട്ടോ എടുത്താലോ എന്നൊരു മോഹം ഉള്ളിലുദിച്ചതു കൊണ്ട് അരികിൽ ചെന്നൊന്നു തലോടി. കുതിര രണ്ടു കാലും പൊക്കി എന്റെ നേരെ ഒരു ചാട്ടം. ഒഴിഞ്ഞു മാറി തെല്ലകലെക്കോടി നോക്കുമ്പോൾ കുതിര വിടാനുള്ള ഭാവമില്ല. അതിനെ കെട്ടിയിരിക്കുന്ന കയറെങ്ങാനും പൊട്ടിയാൽ പണി കിട്ടിയത് തന്നെ. ഇതെല്ലാം കണ്ടു കൊണ്ട് അവിടെ നിൽക്കുകയായിരുന്ന ഒരു കാവി വസ്ത്രധാരി അതിന്റെ അടുത്തേക്ക് ചെന്ന് അതിനെ എങ്ങേനെയോ തഴുകി ശാന്തനാക്കി. ഭാഗ്യം, രക്ഷപ്പെട്ടു. അദ്ദേഹത്തിന് ഒരു അറുപതു വയസ്സിൽ താഴെ പ്രായം വരും. ഉറച്ച ശരീരം. താടിയും കാവിയുമൊക്കെയായി ഒരു സ്വാമിജി ലുക്ക്. അദ്ദേഹം അടുത്ത് വന്നു ഞങ്ങൾ എവിടെ നിന്നാണെന്നു ചോദിച്ചു. സ്ഥിരം പല്ലവി ആയിരുന്നു ഞങ്ങളുടെ ഉത്തരം "ചാർ ധാം യാത്രക്കായി കേരളത്തിൽ നിന്നും വന്ന മൂന്നു എഞ്ചിനീയേഴ്‌സ്."
"അതെയോ, നന്നായി. എന്തായാലും ഇനി പേടിക്കേണ്ട. നിങ്ങളുടെ ശരീരത്തിലുള്ള ചെറു കണികകളും ആ കുതിരയുടെ ശരീരത്തിലുള്ളവയും തമ്മിൽ പൊരുത്തപ്പെട്ടില്ല. അതാണാ കുതിര എടുത്തു ചാടാൻ കാരണം."
"ഓ പിന്നെ" എന്ന് മനസ്സിൽ പറഞ്ഞത് മുഖത്ത് പ്രതിഫലിച്ചിട്ടാവണം, അയാൾ തുടർന്നു, "ഏതാണ് ഏറ്റവും ചെറിയ കണിക?"
"സംശയമെന്ത്, ആറ്റം"
"അതിനേക്കാൾ ചെറുത്?"
"അതിനേക്കാൾ ചെറുത്, പിന്നെ ഇലക്ട്രോൺ പ്രോട്ടോൺ മുതലായവ"
"അതിനേക്കാൾ ചെറുത്?" കാവി വസ്ത്രധാരി വിടാനുള്ള ഭാവമില്ല.
"സബ് അറ്റോമിക് സംഭവങ്ങൾ ഉണ്ട് - ഏറ്റവും ചെറുത് ശാസ്ത്രം കണ്ടെത്തിയിട്ടുള്ളത് ക്വാർക് മുതലായവ" എഞ്ചിനീയേഴ്‌സ് അങ്ങനെ വിട്ടുകൊടുക്കാൻ പാടില്ലലോ.
"ശരിയാണ്, ശാസ്ത്രം കണ്ടെത്തിയിട്ടില്ല എന്ന് പറഞ്ഞത്. അതിനേക്കാളും ഒക്കെ അടിസ്ഥാനകണികകൾ ഉണ്ട് ഇനിയും കണ്ടെത്താൻ. നിങ്ങളും കുതിരയും തമ്മിലുണ്ടായ പ്രശ്നത്തിന്റെ ഉറവിടം ആ കണികകളിൽ നിന്നാണ്."
വീണ്ടും മനസ്സിന്റെ ഉള്ളിൽ ഒരു "ഓ പിന്നെ." ചിരിച്ചു കൊണ്ട് നടന്നു പോകാനൊരുങ്ങിയ ആ മനുഷ്യനോട് വിനയം നടിച്ചു ഞാൻ ചോദിച്ചു "സ്വാമിജി ആരാണ് എവിടെന്നാണെന്നു പറഞ്ഞില്ല."
"ബോംബെയിൽ നിന്നാണ്. ഭാഭാ അറ്റോമിക് റിസേർച് സെന്ററിൽ സീനിയർ സയന്റിസ്റ് ആണ്. വരട്ടെ. ഹരി ഓം."
നടന്നു നീങ്ങിയ അദ്ദേഹത്തിനെ നോക്കി മൂന്നു എഞ്ചിനീയേഴ്‌സും കുറച്ചു നേരം ഇളിഭ്യരായി കൈ കൂപ്പി നിന്നു.
ഏഴരയോട് കൂടി ഹോട്ടൽ മുറിക്കുള്ളിൽ കയറി. കറന്റ് എന്ന് പറയുന്ന സംഭവം ഇല്ല. മെഴുകുതിരികൾ കത്തിച്ചു വച്ച് തറയിൽ ഇരുന്നു ഭക്ഷണം കഴിച്ചു. അവിടത്തെ അടുക്കളയിൽ ഉണ്ടാക്കിയ ചൂടുള്ള ദാൽ, റൊട്ടി, ഒരു സബ്ജി, പിന്നെ അല്പം തൈരും.
ആഹാരം കഴിഞ്ഞു ഉറങ്ങാനായി തറയിൽ ഒരു മാറ്റ് വിരിച്ചു അതിന്റെ മുകളിൽ സ്ലീപ്പിങ് ബാഗ് നിവർത്തിയിട്ടു. അതിനുള്ളിൽ കയറുമ്പോഴും ജാക്കറ്റ് ഊരിയില്ല. അത്ര തണുപ്പ്.
രാവിലെ എണിറ്റു ഒന്നുഷാറായി വന്നപ്പോഴേക്കും മണി എട്ടു കഴിഞ്ഞു. ട്രെക്കിനു അത്യാവശ്യം വേണ്ട സാധനങ്ങൾ മാത്രം കൈയിലെടുത്തു ബാക്കിയുള്ളവ അവിടെ ഒരു ലോക്കറിൽ വച്ചു. മിക്ക ഹോട്ടലുകളിലും ഇത് പോലെ തുച്ഛമായ നിരക്കിൽ ലഗേജ് സൂക്ഷിക്കാനുള്ള വ്യവസ്ഥയുണ്ടാകും. പാലം കടന്നു ഗംഗോത്രി ക്ഷേത്രത്തിനു മുന്നിൽ ഒന്ന് തൊഴുതതിനു ശേഷം നടന്നു തുടങ്ങി. ക്ഷേത്രത്തിനു സമീപമുള്ള കോൺക്രീറ്റു പടവുകളിലൂടെ കഠിനമായ ഒരു കയറ്റം ആണ് ഞങ്ങളെ എതിരേറ്റത്. അതിനു മുകളിൽ എത്തിയപ്പോൾ സഹായം വേണോ എന്ന് ചോദിച്ചു കഴുതക്കാർ സമീപിച്ചു. അവരോടു വേണ്ട എന്ന് പറഞ്ഞു മുന്നോട്ടു. പതിനാലു കിലോമീറ്റർ ദൂരമുള്ള യമുനോത്രി കയറ്റത്തിന് ശേഷം അത്യാവശ്യം ആത്‌മവിശ്വാസം കൈ വന്നിരുന്നു. ഗൗമുഖ് ട്രെക്ക് 18 കിലോമീറ്റർ ആണെങ്കിലും കയറ്റങ്ങൾ അത്രയധികമില്ല എന്ന് എവിടെയോ വായിച്ചിരുന്നു. കുറച്ചു ദൂരം മൺപാതയിലൂടെ നിരപ്പായ നടത്തം. ഇരുവശവും ദേവദാരു മരങ്ങൾ. വലതു ഭാഗത്തു കുത്തിയൊലിക്കുന്ന ഭാഗീരഥി. അങ്ങ് ദൂരെ സുദർശന പർവതം കാണാം.
റാവത്ജി കൈയിൽ കൊണ്ട് നടക്കുന്ന ടേപ്പ് റെക്കോർഡർ ഓൺ ചെയ്തു "ദിൽ തോ പാഗൽ ഹൈ" എന്ന സിനിമയിലെ ഗാനങ്ങൾ വയ്ച്ചു. ഗാനങ്ങൾ എന്ന് പറയാൻ പറ്റില്ല - “പെഹലി പെഹലി ബാർ” എന്ന് തുടങ്ങുന്ന ഒരേ ഒരു ഗാനം. അന്നത്തെ സൂപർ ഹിറ്റ് ഗാനമാണ്. അത് തന്നെ റീവൈൻഡ് ചെയ്തു കൊണ്ടേയിരിക്കും. ഇന്നും ആ പാട്ടു കേൾക്കുമ്പോൾ ഞാൻ ഗൗമുഖിലേക്കു നടക്കുന്ന ഒരനുഭൂതിയിലേക്കു പറിച്ചു നടപ്പെടും. അത്ര മാത്രം അത് കേട്ടിരിക്കുന്നു. ആ പാട്ടു ഏറ്റുപാടി കുറച്ചു ദൂരം നടന്നപ്പോൾ വനംവകുപ്പിന്റെ ഒരു ചെക്ക് പോസ്റ്റ് എത്തി. ഞങ്ങളുടെ ബാഗുകൾ അവരൊന്നു പരിശോധിച്ചു. പെർമിറ്റ് തുക കൂടാതെ കൈയിൽ കൊണ്ട് പോകുന്ന ഓരോ പ്ലാസ്റ്റിക് കുപ്പിക്കും ഒരു നിശ്ചിത തുക അവിടെ കെട്ടി വയ്ക്കണം - തിരികെ വരുമ്പോൾ കുപ്പികൾ കാണിച്ചാൽ ആ കാശ് തിരികെ തരും. കുപ്പികൾ വലിച്ചെറിയാതിരിക്കാനായുള്ള മുൻകരുതൽ. വളരെ നല്ല ഏർപ്പാട്. ഈ പ്രദേശം മുഴുവൻ ഗംഗോത്രി നാഷണൽ റിസേർവ് എന്ന പരിരക്ഷിത മേഖലയാണ്. വളരെ ലോലമായ ഒരു ഭൂപ്രദേശം. അതിനെ അങ്ങനെ തന്നെ നിലനിർത്തണം എന്ന ഓർമ്മപ്പെടുത്തൽ കൂടിയായി ചെക്ക് പോസ്റ്റിലെ അനുഭവം.
ഒന്ന് രണ്ടു കിലോമീറ്റർ കൂടുമ്പോൾ ഒന്നോ രണ്ടോ ചെറിയ കടകൾ കിട്ടും. അവിടെ ചായയും ബിസ്കറ്റും ചിലപ്പോൾ മാഗിയും ഓർഡർ ചെയ്തിട്ട് കയറി കിടക്കും. യാത്രക്കാർക്കായി കടകൾക്കുള്ളിൽ നിലത്തു കമ്പിളി വിരിച്ചിട്ടുണ്ട്. നടന്നതിന്റെ ക്ഷീണം മാറ്റാൻ ഇതിലും നല്ല വ്യവസ്ഥ അവിടെ വേറെയില്ല. ഒരു പത്തു മിനിട്ടു വിശ്രമിച്ചു ലഘുഭക്ഷണവും കഴിച്ചു വീണ്ടും മുന്നോട്ടു. ഇടയ്ക്ക് ഫോട്ടോ എടുക്കും. ഇന്നത്തെ പോലെയല്ല ഫോട്ടോ എടുപ്പ് - വളരെ പിശുക്കിയുള്ള ഏർപ്പാടാണ്. മൂന്നു പേരുടെയും കൈയിൽ കാമറ ഉണ്ടെങ്കിലും ആകെക്കൂടി ആറോ ഏഴോ റോൾ ഫിലിം മാത്രമേയുള്ളു പതിനേഴു ദിവസത്തെ ചാർ ധാം യാത്രയ്ക്ക്. അന്നത്തെ കോളേജ് പിള്ളേരുടെ ബുദ്ധിമുട്ട്.
ഏതാനം കിലോമീറ്ററുകൾ കഴിഞ്ഞപ്പോൾ ദേവദാരു മരങ്ങൾ നിറഞ്ഞ ചീർബാസ എന്ന സ്ഥലമെത്തി. ദേവദാരു മരത്തിന്റെ ഹിന്ദി പേരാണ് ചീർ. അവിടെ നിന്ന് ഉച്ച ഭക്ഷണം കഴിച്ചു. വർഷങ്ങൾക്ക് ശേഷം കുടുംബ സമേതം ഇവിടെ വന്നിരുന്നു. പ്രായമായ അച്ഛനും അമ്മയും ഭാര്യയുടെ കുടുംബവും ഉണ്ടായിരുന്നതിനാൽ കഴുതപ്പുറത്തായിരുന്നു അപ്പോഴത്തെ യാത്ര. ചീർബാസയിൽ നിന്ന് തിരിക്കുമ്പോൾ എന്റെ കഴുതക്കാരൻ കഴുതയെ ഒന്ന് വിരട്ടി. അത് നേരെ ഒരു പാറയിൽ കയറി മുന്നോട്ടാഞ്ഞു. മുകളിലിരുന്ന് ഞാൻ പിടി വിട്ടു കഴുതയുടെ തലയ്ക്കു മുകളിലൂടെ ഉരുണ്ടു തറയിൽ വീണു ഏതാനം മീറ്റർ ഉരുണ്ടു. വീഴുമ്പോഴും ഭാര്യയുടെ നിലവിളി കേൾക്കാൻ പറ്റുന്നുണ്ട്. എന്തോ ഭാഗ്യത്തിന് ഒരു മരത്തിന്റെ വേരിൽ പിടിച്ചു കിടന്നതു കൊണ്ട് താഴെ നദിയിലേക്കു പോകാതെ രക്ഷപ്പെട്ടു. ക്യാമറ തകർന്നു എന്നതൊഴിച്ചാൽ വേറൊരു നഷ്ടവും സംഭവിച്ചില്ല.
ചീർബാസ കഴിഞ്ഞപ്പോൾ മരങ്ങളും കുറഞ്ഞു തുടങ്ങി. വെയിലിന്റെ കാഠിന്യവും ഏറി തുടങ്ങി. അൽപ ദൂരം പിന്നിട്ടപ്പോൾ റാവത് ജി ടേപ്പ് റെക്കോർഡർ ഓഫ് ചെയ്തു. പാട്ടു മടുത്തിട്ടല്ല. ഇനിയുള്ള കുറച്ചു ദൂരം വളരെ സൂക്ഷിച്ചു വേണം നടക്കാൻ. ഒരാൾക്ക് നടക്കാനുള്ള പാത. വലതു വശത്തു പാഞ്ഞൊഴുകുന്ന നദി. ഇടതു വശത്തു ഉരുണ്ടു വീഴാൻ സാധ്യതയുള്ള ചെറു പാറകൾ നിറഞ്ഞ കുന്നിൻ പ്രദേശം.ചില സ്ഥലങ്ങളിൽ പാറകൾ വീഴുന്നത് കാണുമ്പോൾ നിർത്തി നിർത്തി വളരെ ജാഗ്രതയോടെയാണ് മുന്നോട്ടുള്ള കാലടികൾ. കഴുതപ്പുറത്തു കയറി വന്നാലും ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ഇറങ്ങി നടന്നേ പറ്റൂ.
ഭൂപ്രകൃതി ആകെ മാറിയിരിക്കുന്നു. പുല്ലോ ചെടികളോ മരങ്ങളോ ഒന്നുമില്ല. വരണ്ട പാറക്കൂട്ടങ്ങൾക്കിടെയിലൂടെ ഒരു നടപ്പാത മാത്രം. വ്യത്യസ്തം എന്ന് പറയാൻ ഭഗീരഥിയും അടുത്തടുത്ത് വരുന്ന ഹിമാലയപർവ്വതങ്ങളും. പതുക്കെയാണെകിലും ഉയരം കുറച്ചു കയറിയിരിക്കുന്നു. ക്ഷീണവും ഉയരവും വെയിലും കാരണം ശ്വാസം എടുക്കാൻ പോലും ബുദ്ധിമുട്ട്. വിശ്രമ ഇടവേളകളുടെ ദൈർഖ്യം കൂടിത്തുടങ്ങിയപ്പോൾ റാവത്ജി സ്കൂളിലെ PT മാഷിനെപ്പോലെയായി മാറി. ഇരിക്കാൻ പോലും സമ്മതിക്കുന്നില്ല. ഭോജ്‌ബാസ എന്ന സ്ഥലം എത്തിയപ്പോൾ കരഞ്ഞു പറഞ്ഞു ഒരു കടയിൽ കയറി ഇരുന്നു. അല്പം മാറി ബീഡി വലിക്കുന്ന ഒരു സന്യാസി ഒരു സായിപ്പിനോട് എന്തൊക്കെയോ വിളമ്പുന്നുണ്ട്. ചായ കുടി കഴിഞ്ഞു സായിപ്പ് പോയപ്പോൾ സന്യാസിയുടെ അടുത്ത് പോയി കുശലം ചോദിക്കാം എന്ന് കരുതി. പക്ഷെ പുള്ളി അടുക്കുന്നില്ല. ഒരാൾ മുന്നിൽ നിന്ന് സംസാരിക്കാൻ ശ്രമിക്കുന്നതായി അറിഞ്ഞ മട്ടേയില്ല. മുന്നോട്ടു നടക്കുമ്പോൾ റാവത്ജി പറഞ്ഞു "ഇങ്ങനെയുള്ള ബാബമാരും ധാരാളം. സായിപ്പന്മാരോട് മാത്രമേ മിണ്ടുകയുള്ളു." കാര്യമായ പുച്ഛം അനുഭവപ്പെട്ടു.
ഗംഗോത്രിയിൽ നിന്നും പതിനാലു കിലോമീറ്റർ ദൂരെയാണ് ഭോജ്‌ബാസ. ഇവിടെ താമസത്തിനു വ്യവസ്ഥയുണ്ട്. ലാൽ ബാബ എന്ന് പേരായ സന്യാസി നടത്തുന്ന ഒരു ആശ്രമവും GMVN നടത്തുന്ന ഒരു ചെറിയ ഗസ്റ്റ് ഹൗസും യാത്രക്കാർക്കായി തുറന്നിരിക്കുന്നു. സമയം മൂന്നു കഴിഞ്ഞിരുന്നു. ഗൗമുഖിലേക്കു നാല് കിലോമീറ്റർ ഇനിയുമുണ്ട്. ക്ഷീണം കാരണം അവിടെ തങ്ങിയാലോ എന്ന ചിന്ത ഇല്ലാതില്ല. ഗൗമുഖിൽ തന്നെ താമസിക്കാൻ സൗകര്യം ഒരുക്കം എന്ന് റാവത്ജി പറഞ്ഞപ്പോൾ ആയിക്കളയാം എന്ന് കരുതി. കൂടെയുള്ള സോംനാഥ് കാര്യമായി ക്ഷീണിച്ചിട്ടില്ല. ബാക്കി രണ്ടു പേരുടെയും അവസ്ഥ വർണിക്കാത്തതാവും ഭേദം. അവസാനത്തെ നാല് കിലോമീറ്റർ എങ്ങനെ നടന്നു എന്നോർമ്മയില്ല. അടുത്ത് വരുന്ന പർവതങ്ങളുടെ മനോഹാരിത ആസ്വദിക്കാനൊന്നും മിനക്കെട്ടില്ല. വീശിയടിക്കുന്ന ഹിമക്കാറ്റിന്റെ ശബ്ദവും ഭാഗീരഥിയുടെ ഇരമ്പലും റാവത്ജിയുടെ ടേപ്പ് റെക്കോർഡറിൽ നിന്ന് വരുന്ന പാട്ടിനെ മുക്കിക്കളയുന്നു. അതോ റാവത്ജി വളരെ മുന്നിലാണോ? അറിയില്ല. ഏറി വരുന്ന തണുപ്പിന്റെ കാഠിന്യം വിശ്രമിക്കാനുള്ള ചിന്തകളെ അകറ്റി നിർത്തി. അവസാനം ഒരു നിരപ്പായ സ്ഥലത്തുള്ള പാറയിൽ എഴുതി വച്ചിരുന്ന അക്ഷരങ്ങൾ കണ്ടു - ഗൗമുഖ് - നാലായിരം മീറ്റർ.
പക്ഷെ ഗൗമുഖ് അവിടെയൊന്നും കാണാനില്ല. വീണ്ടും ഒരു ഇരുന്നൂറു മീറ്റർ നടക്കണമത്രേ. വർഷത്തിൽ 8 സെന്റിമീറ്റർ എന്ന കണക്കിൽ ഗൗമുഖ് ഗ്‌ളൈഷ്യർ പിന്നോട്ട് പോകുന്നു എന്നാണ് കണക്കു. നൂറ്റാണ്ടുകളായി തുടരുന്ന ഈ പ്രതിഭാസത്തിന്റെ വേഗത കൂട്ടാൻ ആഗോളതാപനം കാരണമാകുന്നു. ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിയഞ്ചിൽ സ്ഥാപിച്ച ഒരു ചെറിയ ഫലകത്തിൽ ഗൗമുഖ് അവിടെയായിരുന്നു എന്നെഴുതി വച്ചിരുന്നു. അത് പിന്നിട്ടു ഒരു വളവും കഴിഞ്ഞപ്പോൾ മുന്നിലായി ഭാഗീരഥിയുടെ ഉത്ഭവ സ്ഥാനം. ഒരു വലിയ മഞ്ഞു മലയുടെ ഉള്ളിൽ നിന്നും ഒരു തുരങ്കത്തിലൂടെയെന്നപോലെ ഗംഗാനദി പുറത്തേക്കു പ്രവഹിക്കുന്നു. ഒരു ദേശത്തിന്റെ മുഴുവൻ അസ്തിത്വത്തിന്റെ തുടക്കം!
തൂവെള്ള നിറമല്ല ഗൗമുഖിന്. വെളുത്ത ഗ്ലാശിയേറിൽ കല്ലും പൊടിയും വീണു ഒരു ചാര നിറം. പശുവിന്റെ മുഖം പോലെ പണ്ട് കാണപ്പെട്ടതുകൊണ്ടാണ് ഗൗമുഖ് എന്ന പേര് വന്നതെങ്കിലും എത്ര സൂക്ഷിച്ചു നോക്കിയിട്ടും എനിക്കങ്ങനെ ഒരു ആകാരം അവിടെ ദർശിക്കാൻ സാധിച്ചില്ല. അതെല്ലാം വിശ്വാസപ്രമാണങ്ങൾ.
തണുപ്പും ഇരുട്ടും വിശപ്പും അധികരിച്ചുവരികയാൽ അധിക സമയം അവിടെ നിന്നില്ല. റാവത് ജി ഞങ്ങളെ ഗൗമുഖിനടുത്തു താമസിക്കുന്ന ഒരു ബാബയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി പരിചയപ്പെടുത്തി. കരുവാളിച്ച മുഖം, കണ്ണുകൾ മറയ്ക്കുന്ന ഒരു വലിയ റേ ബാൻ കൂളിംഗ് ഗ്ലാസ്, മുകളിലേക്ക് കെട്ടി വച്ച ജട പിടിച്ച മുടി, നീണ്ട താടി, പരുക്കൻ ശബ്ദം. ഇതൊക്കെയാണെങ്കിലും ബാബ ഞങ്ങളെ സന്തോഷത്തോടെ സ്വീകരിച്ചു. ബാബയ്ക്ക് ഒരു സഹായി കൂട്ടിനുണ്ട്. അയാൾ ചായയും പക്കോഡയും ഉണ്ടാക്കി തന്നു.
മഞ്ഞു കാലമൊഴികെ ബാബ ഇവിടെയാണ് താമസം. ഗൗമുഖിൽ കൂടാരം കെട്ടിയിരിക്കുന്നയാൾ സാധാരണക്കാരൻ ആവാൻ വഴിയില്ല. “അല്ല റാവത്ജി, ഈ ബാബ സന്ന്യാസം സ്വീകരിക്കുന്നതിന് മുൻപ് എന്തായിരുന്നു പരിപാടി?” ആ ചോദ്യം എങ്ങനെയോ കേട്ട ബാബ പൊട്ടിച്ചിരിച്ചു. "ബാബ പെഹ്‌ലെ ഗോലി ചലാതെ ധെ," റാവത് ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു. പൂർവ്വാശ്രമത്തിൽ വെടി വയ്‌പും മറ്റു കാര്യങ്ങളും ആയിരുന്നത്രേ! സത്യം പറഞ്ഞാൽ പട്ടാളത്തിലായിരുന്നോ അതോ കൊള്ള സംഘത്തിൽ ആയിരുന്നോ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ വേണ്ട എന്ന് വെച്ചു.
ബാബയുടെ കൈവശം അദ്ദേഹം താമസിക്കുന്ന ടെന്റ് കൂടാതെ മറ്റൊന്ന് കൂടിയുണ്ട് - സായിപ്പന്മാർ സമ്മാനിച്ചത്. അതിലാണ് ഞങ്ങൾക്ക് താമസം ഒരുക്കിയിരിക്കുന്നത്. ഭക്ഷണം ബാബയുടെ കൂടെയും. ചെറുതായി മഴ പെയ്തുതുടങ്ങിയപ്പോൾ ടെന്റിൽ കയറി ഇരുന്നു. പുറത്തു മഴ നനഞ്ഞു മൂന്നു പേര് നിൽക്കുന്നത് കണ്ടപ്പോൾ അകത്തേക്ക് കയറിയിരിക്കാൻ പറഞ്ഞു. ബംഗാളികൾ ആണെന്നറിഞ്ഞപ്പോൾ ബംഗാളിയായ സോംനാഥിന് പെരുത്ത സന്തോഷം. ഏറ്റവുമധികം യാത്ര ചെയ്യുന്ന കൂട്ടത്തിലാണ് ബംഗാളികൾ, പ്രത്യേകിച്ചും ഹിമാലയ ഭാഗത്തേക്ക്. ഭാരതത്തിലെ പർവ്വതാരോഹകരിൽ നല്ലൊരു പങ്കും ബംഗാളികളാണു.
ഏഴു മണിയായപ്പോഴേക്കും അത്താഴം തയ്യാറായി. ചോറിൽ സാമ്പാർ പോലെയുള്ള ഒരു സംഭവം കൂട്ടിക്കുഴച്ചു അമേദ്യവർണ്ണത്തിലുള്ള ആഹാരം കണ്ടപ്പോഴേ വിശപ്പ് പമ്പ കടന്നു. പക്ഷെ കൂട്ടത്തിലുള്ള സോംനാഥിന് അതെങ്ങനെയോ വളരെയധികം പ്രിയങ്കരമായി തോന്നി. അവൻ മാത്രം വയറു നിറയെ കഴിച്ചു. ഞാനും സുമേഷും അല്പം മാത്രം ഭക്ഷിച്ചു ടെന്റിലേക്കു ചേക്കേറി. തണുപ്പിനെ പ്രതിരോധിക്കാൻ ഒരു പാട് സംവിധാനങ്ങൾ ഉണ്ടായിരുന്നു - രണ്ടു ടി ഷർട്ട്, അതിനു മുകളിൽ ഊട്ടിയിൽ നിന്നും വാങ്ങിയ സ്വെറ്ററും കടം വാങ്ങിയ ജാക്കറ്റും, പാന്റ്സിനു മുകളിൽ ജീൻസ്, ഒരു തുണി കൊണ്ടുള്ള കൈയുറ, അതിനു പുറമെ പ്ലാസ്റ്റിക് കൈയുറ, കഴുത്തിന് ചുറ്റും മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ നടൻ ശങ്കർ ഇട്ടിരുന്ന പോലെയുള്ള ഷാൾ, ഒരു തൊപ്പി. ഇതൊന്നും പോരാത്തതിന് സ്ലീപ്പിങ് ബാഗും. എന്നിട്ടും മരവിച്ചു വിറക്കുമ്പോൾ ഈ അതി സാഹസം വേണമായിരുന്നോ എന്ന ചിന്ത കലശലായി. പോരാത്തതിന് സോംനാഥ് ഛർദിലും തുടങ്ങി. ടെന്റിന് പുറത്തേക്കു നിന്നു രണ്ടു മൂന്നു തവണയായി കഴിച്ച അത്താഴം മുഴുവൻ ആ പാവം പുറത്തേക്കു തള്ളി. പിന്നെ അവശനായി തണുത്തു വിറച്ചു ഞങ്ങളുടെ കൂടെ വന്നു കിടന്നു. പുറത്തു ശക്തിയായി വീശുന്ന ഹിമക്കാറ്റിന്റെ മുരളൽ. ഭഗീരഥിയുടെ ഒഴുക്കിന്റെ ശബ്ദവും കേൾക്കാം. ഒരു വലിയ പാറയുടെ വശത്തായി കാറ്റിൽ നിന്നും രക്ഷ നേടുന്ന രീതിയിൽ ആണ് ടെന്റ് അടിച്ചിരിക്കുന്നതെങ്കിലും അത് അല്പം ഉലയുന്നുമുണ്ട്. എങ്ങനെയെങ്കിലും പ്രഭാതമായാൽ മതി എന്ന അവസ്ഥ.
ഇടയ്ക്കെന്തിനോ തല ടെന്റിനു പുറത്തേക്കിട്ടു നോക്കിയപ്പോൾ ആകാശത്തു എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങൾ. നനുത്ത ചന്ദ്രപ്രഭയിൽ അല്പം അകലെയായി ഗൗമുഖ് അവ്യക്തമായി കാണാം. രാവും പകലും എന്ന വ്യത്യാസമില്ലാതെ ആ മഞ്ഞു ഗഹ്വരത്തിൽ നിന്ന് ഭാഗീരഥി പ്രവഹിച്ചു കൊണ്ടേയിരിക്കുന്നു. കാറ്റിനും ഒഴുക്കിനും മുകളിൽ ചില ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. ഗ്ലെയ്ഷ്യരിൽ എവിടെയോ ഐസ് പാളികൾ പൊട്ടുന്നതോ ഞെരുങ്ങുന്നതോ ആവണം.
ആലോചിച്ചു നോക്കിയപ്പോൾ ഇതെല്ലാം ഒരു ഭാഗ്യം തന്നെയാണ്. ഗംഗയുടെ ഉത്ഭവ സ്ഥാനത്തു ഒരു രാത്രി കഴിയുവാൻ എത്ര പേർക്ക് അവസരം സിദ്ധിച്ചിട്ടുണ്ടാവണം! പതിയെ ബുദ്ധിമുട്ടുകൾ മറന്നു വീണ്ടും ഉറക്കത്തിലേക്കു വഴുതി വീണു.
കടുത്ത തണുപ്പായതിനാൽ രാവിലെ ആറു മണിക്ക് മുൻപേ എഴുന്നേറ്റു ടെന്റിനു പുറത്തിറങ്ങി. അല്പം ദൂരെ രണ്ടു വൃദ്ധർ നടന്നു നീങ്ങുന്നു. ഭർത്താവും ഭാര്യയുമാവണം. അവരുടെ കൈവശം ഒരു കമ്പിളി പോലുമില്ല. ആ പുരുഷൻ ഉത്തരേന്ത്യൻ ഗ്രാമീണർ ഉരുപയോഗിക്കുന്ന പകിടി പോലെ ഒരു തലപ്പാവ് ചുറ്റിയിട്ടുണ്ട്. നനഞ്ഞൊട്ടിയ വസ്ത്രങ്ങളും ധരിച്ചു എന്തോ പ്രാർത്ഥനയും ഉരുവിട്ട് കൂനിക്കൂടി നടന്നു പോകുന്ന അവരെ കണ്ടു ദേഹമാസകലം മൂടിപ്പുതച്ചു നിൽക്കുന്ന ഞാനൊന്ന് വിറച്ചു.
അവരുടെ യാത്ര എങ്ങനെയായിരുന്നിരിക്കണം എന്ന് ഞാൻ ആലോചിച്ചുപോയി. ഭോജ്‌ബാസയിലെ ആശ്രമത്തിൽ ആയിരുന്നിരിക്കണം തലേന്ന് രാത്രി അവർ തങ്ങിയത്. അത് കഴിഞ്ഞാൽ ഞങ്ങൾ താമസിക്കുന്ന ടെന്റ് അല്ലാതെ വേറൊരു വ്യവസ്ഥയുമില്ല. അവിടെ നിന്ന് രാവിലെ മൂന്നര മണിയ്‌ക്കോ മറ്റോ നടത്തം തുടങ്ങിയിട്ടുണ്ടാവണം. കൊടും തണുപ്പിൽ, അതും ഈ ഉയരത്തിൽ! അരണ്ട വെളിച്ചത്തിൽ നാല് കിലോമീറ്റർ നടന്നു ഗൗമുഖിലെത്തി മുങ്ങി തൊഴുതിട്ടു തിരിച്ചുള്ള യാത്ര! മാറിയുടുക്കാനുള്ള വസ്ത്രങ്ങൾ പോലുമെടുക്കാതെ (അല്ലെങ്കിൽ ഇല്ലാതെ) ഏതോ നേർച്ചയുടെ പൂർത്തീകരണം പോലെ വിറച്ചു വിറച്ചുള്ള നടപ്പ്. ഭക്തി മനുഷ്യനെ എന്തൊക്കെ ചെയ്യാൻ പ്രാപ്തരാക്കുന്നു എന്നതിന്റെ ഒരുദാഹരണം പോലെ അവർ നടന്നു നീങ്ങി.
ഇന്നത്തെ ആദ്യത്തെ ലക്‌ഷ്യം ആറു കിലോമീറ്റർ അകലെയുള്ള തപോവൻ എത്തുക എന്നുള്ളതാണ്. നാലായിരത്തി നാനൂറു മീറ്ററിന് മേലെയാണ് തപോവൻ സ്ഥിതി ചെയ്യുന്നത്. ഗൗമുഖ് ഗ്ലെയ്ഷ്യറിനു മുകളിലൂടെ നടന്നു മുകളിലേക്കാണ് യാത്ര. റാവത് ജി മുന്നിൽ സാവധാനം നടന്നു വഴി കാട്ടി. ചിലയിടങ്ങളിൽ ഐസ് പുറത്തു കാണാം. ബാക്കി സ്ഥലങ്ങളിൽ പാറയും മണ്ണും കല്ലും ഗ്ലേഷിയറിനെ ചെറുതായിട്ടെങ്കിലും മറയ്ക്കുന്നു. വളരെ പതുക്കെ ആണ് പുരോഗതി. കാരണം മണൽ വീണു ഐസ് മൂടിക്കിടക്കുന്ന ഭാഗങ്ങളിൽ തെന്നി വീഴാൻ നല്ല സാധ്യതയുണ്ട്. ഗ്ലേഷിയറിൽ ചിലയിടങ്ങൾ വിള്ളലുകളുമുണ്ട്. ക്രിവസ്സസ് എന്നാണിവിയെ പറയുക. വീണു പോകാതെ സൂക്ഷിക്കണം. ഇവിടെ അത്ര പ്രശ്നമായി തോന്നിയില്ലെങ്കിലും ക്രിവസ്സസ് പർവ്വതാരോഹണ രംഗത്തെ ഒരു പേടിസ്വപ്നമാണ്. പലതും അഗാധഗർത്തങ്ങൾ. അവയിൽ വീണു മൃതിയടഞ്ഞവരുടെ എണ്ണവും ധാരാളം.
വഴി അടയാളപ്പെടുത്താൻ ചെറു കല്ലുകൾ ഇടയ്ക്കിടെ കൂട്ടിവച്ചിട്ടുണ്ട്. കൈൺസ് എന്ന് വിളിക്കുന്ന ഇവ ട്രെക്ക് ചെയ്യുന്നവർക്ക് എന്നും അനുഗ്രഹമാണ്. ഗ്ലേഷിയർ നീങ്ങുന്നതിനാൽ വഴി മാറിക്കൊണ്ടേയിരിയ്ക്കും. റാവത് ജിയെപ്പോലെ പരിചയസമ്പന്നനായ ഒരാൾ ഇല്ലാതെ തപോവൻ പോലുള്ള സ്ഥലങ്ങൾ എത്തുക അതികഠിനം തന്നെയാണ്. ഗൗമുഖിനു മുകളിലൂടെ ഞങ്ങൾ ഭാഗീരഥി നദി കുറുകെ കടന്നു. പിന്നെ ചെങ്കുത്തായ ഒരു കയറ്റം. ഒന്നര മണിക്കൂർ എടുത്തു ആ കയറ്റം കയറാൻ. അത് കഴിഞ്ഞതോടെ അതാ മുന്നിൽ തപോവൻ. നീണ്ടു നിവർന്നു കിടക്കുന്ന സമതലം. അതവസാനിക്കുന്നിടത്തു നിന്ന് മഞ്ഞണിഞ്ഞ പടുകൂറ്റൻ ശിവലിംഗ പർവതം ആരംഭിക്കുന്നു. ചുറ്റിനും അംബരചുംബികളായ പർവതങ്ങൾ. ആദ്യത്തെ തവണ പോയപ്പോൾ പേരുകൾ അറിയില്ലായിരുന്നു. പിന്നെ മനസ്സിലാക്കി - ഭാഗീരഥി 1 2 3 എന്നിവയാണവ. അങ്ങ് ദൂരെ ശിവലിംഗ പർവ്വതം കീഴടക്കാനെത്തിയ വിദേശികളായ ഒരു പർവ്വതാരോഹക സംഘത്തിന്റെ വർണാഭമായ ടെന്റുകൾ കാണാം.
മുൻപ് കണ്ട ചിത്രങ്ങളിൽ നിന്ന് വിഭിന്നമായിരുന്നു തപോവൻ. എന്റെ മനസ്സിലെ സങ്കൽപം പൂക്കൾ നിറഞ്ഞ പച്ച പുൽമേടും അതിനു നടുവിലൂടെ ഒഴുകുന്ന ചെറിയ അരുവിയും പിന്നെ ഗാംഭീര്യത്തോടെ എഴുന്നേറ്റു നിൽക്കുന്ന ശിവലിംഗ പർവ്വതവും ആയിരുന്നു. പക്ഷെ, ഞങ്ങൾ എത്തുമ്പോൾ മഞ്ഞു കാലം കഴിഞ്ഞു വേനൽ ആയിട്ടേയുള്ളു. അത് കാരണം പച്ചപ്പ് തീരെ കുറവ്. മഴ കഴിഞ്ഞു വന്നാൽ തപോവൻ അരുവികളും പൂക്കളും മറ്റും നിറഞ്ഞ മനോഹരമായ പുൽമേടായി മാറും.
Sumesh @Tapovan
കുറച്ചു നേരം നടന്നിരുന്നെങ്കിൽ ശിവലിംഗ പർവതത്തിന്റെ തൊട്ടടുത്തെത്താമായിരുന്നു. പതിനാലായിരത്തി അറുന്നൂറ് അടി ഉയരം ആയതിനാൽ ശ്വാസം എടുക്കാൻ അല്പം ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടു കാര്യമായ ശാരീരികാധ്വാനം വേണ്ട പ്രവർത്തികൾക്കൊന്നും ഞങ്ങൾ മുതിർന്നില്ല. മാത്രവുമല്ല അന്ന് രാത്രി തിരിച്ചു ഗംഗോത്രി എത്തുകയും വേണം. അല്പ സമയം സ്വർഗീയമായ കാഴ്ചകൾ നോക്കി ഒരു പാറപ്പുറത്തിരിന്നു വിശ്രമിച്ചു. പിന്നെ ചമ്രം പടഞ്ഞിരുന്നു ധ്യാനിക്കാൻ ശ്രമിച്ചു. ഏകാഗ്രത എന്ന സാധനം അടുത്ത് പോലും വരുന്നില്ല - കയ്യിലിരുപ്പ് നന്നാവണമല്ലോ. ദിൽ തോ പാഗൽ ഹൈ അപ്പോഴും കേൾക്കുന്നുണ്ട്. അതിനെ മറികടക്കാനെന്നോണം സുമേഷ് വാക്മാൻ ഓൺ ചെയ്തു ചെവിയിൽ ഇയർഫോൺ തിരുകി ഇരുപ്പായി. ബംഗാളി മാതാ അവിടെ എവിടെയോ താമസിക്കുന്നുണ്ടായിരുന്നു. അങ്ങോട്ട് പോകാനൊന്നും തീരെ മിനക്കെട്ടില്ല. അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും താഴോട്ടിറങ്ങാനുള്ള തീരുമാനമായി. എങ്ങനെ തിരികെ വന്നു എന്ന് ഇപ്പോഴും ഒരോർമയുമില്ല. വൈകിട്ട് ഗംഗോത്രിയിൽ വന്നു അടുത്ത ദിവസത്തേക്കുള്ള ബസ് ബുക്ക് ചെയ്തത് മാത്രം ഓർമയുണ്ട്.
അടുത്ത ദിവസം ഉത്തരകാശിയിൽ തങ്ങി. വൈകുന്നേരം റാവത്ജിക്കു പണം നൽകി പറഞ്ഞയക്കുമ്പോൾ വല്ലാത്ത വൈഷമ്യമനുഭവപ്പെട്ടു. ഒരു രീതിയിലും ബുദ്ധിമുട്ടുണ്ടാകാതെ മൂന്നു ദിവസം ഞങ്ങളെ നോക്കിയതാണല്ലോ. മാത്രവുമല്ല ഏജൻസി മുഖേന ഏർപ്പാടാക്കിയതിനാൽ പുള്ളിക്ക് കാര്യമായി ഒന്നും തടഞ്ഞിട്ടുണ്ടാവില്ല എന്നും തോന്നി. നൂല് പിടിച്ചുള്ള യാത്രയായതിനാൽ പ്രതിഫലത്തിനു മുകളിൽ കാര്യമായി ഒന്നും കൊടുക്കാൻ പറ്റിയില്ല. ഒത്തിരി കണക്കു കൂട്ടലുകൾക്കു ശേഷം മൂന്നു പേരും ചേർന്ന് നൂറ്റി അമ്പതു രൂപ ടിപ്സ് ആയി എങ്ങനെയോ ഒപ്പിച്ചു കൊടുത്തു. പിന്നീട് വരുമ്പോൾ നിശ്ചയമായും കാണാം എന്ന വാക്കും നൽകി പിരിഞ്ഞു. പാലിക്കാൻ പറ്റാതെ പോയ വാക്ക്.
രാത്രിയായപ്പോൾ മൂന്നു പേർക്കും നോൺ വെജ് കഴിക്കാനൊരു മോഹം. കുറച്ചു ദിവസമായി പച്ചക്കറി മാത്രമാണ് ഭക്ഷണം. ചാർ ധാം പാതകളിൽ നോൺ വെജ് ആഹാരം കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ചും മെയ് മുതൽ നവംബർ വരെയുള്ള യാത്രാകാലയളവിൽ. തിരക്കി നോക്കിയപ്പോൾ ഒരു കടയിൽ മട്ടൺ കിട്ടുമെന്നറിഞ്ഞു അങ്ങോട്ട് വെച്ച് പിടിച്ചു. എരിവും പുളിയും പ്രതീക്ഷിച്ചിരുന്ന ഞങ്ങളുടെ മുന്നിലെത്തിയതോ സൂപ്പ് പോലെയുള്ള ഒരു ദ്രാവകത്തിൽ നീന്തി കളിക്കുന്ന ചെറിയ മട്ടൺ കഷ്ണങ്ങൾ. മസാലയൊക്കെ ഒരു നേരമ്പോക്ക് പോലെ. വീട്ടിൽ അമ്മയുണ്ടാക്കുന്ന കറി മനസ്സിൽ ധ്യാനിച്ച് എങ്ങനെയോ അകത്താക്കി.
അപ്പുറത്തിരിക്കുന്ന സായിപ്പ് എന്തിനോ ഒച്ച വയ്ക്കുന്നുണ്ട്. മുന്നിലെ പ്ലേറ്റിൽ പ്ലേറ്റിലിരിക്കുന്ന കറുത്തിരുണ്ട ആഹാരം എന്താണെന്ന് പുള്ളിക്ക് മനസ്സിലായിട്ടില്ല - അതാണ് പ്രശ്നം. ഒരു പയ്യൻ ഓടി വന്നോച്ചാനിച്ചു നിന്നു.
“വാട്ട് ഈസ് ദിസ്?”
പയ്യൻ ഭവ്യതയോടെ “സർ, ദിസ് ഈസ് ഭിണ്ടി.”
“വാട്ട് ഭിണ്ടീ?” കാര്യം മനസ്സിലാകാതെ സായിപ്പ് അലറി
"സാർ, ദിസ് ...ദിസ് ഈസ് … ലേഡീസ് ഫിംഗർ." പയ്യൻ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു.
"ഓ ഓക്കേ"
വെണ്ടയ്ക്ക മെഴുകുപുരട്ടി കണ്ടു ഞെട്ടിയ സായിപ്പിന്റെ "വാട്ട് ഭിണ്ടീ?" ഡയലോഗ് യാത്രയിലുടനീളം ഞങ്ങളെ ചിരിപ്പിച്ചു.
പിന്നെ കേദാർനാഥ് ബദരീനാഥ് ദർശനം കഴിഞ്ഞു ഹരിദ്വാർ എത്തിയപ്പോൾ ആരോ പറഞ്ഞു ജ്വാലാപുർ എന്ന സ്ഥലത്തു നല്ല കോഴിക്കറി കിട്ടുമെന്ന്. ഒട്ടും മടിച്ചില്ല, ഒരു ഓട്ടോ പിടിച്ചു എട്ടു കിലോമീറ്റർ സഞ്ചരിച്ചു ഷേർ-ഇ-പഞ്ചാബ് എന്ന ഭക്ഷണശാല കണ്ടുപിടിച്ചു. ഒരു സർദാർജി നടത്തുന്ന സ്ഥാപനം. സ്വാദിഷ്ടമായ ആഹാരം. പിന്നെയുള്ള പല യാത്രകളിലും അവസാനത്തെ അത്താഴം അവിടെ നിന്ന് പതിവാക്കി. ഇപ്പോൾ പക്ഷെ പണ്ടത്തെ നിലവാരം നഷ്ടപ്പെട്ടോ എന്നൊരു സംശയം!
യാത്രയെല്ലാം കഴിഞ്ഞു കോളേജിൽ തിരിച്ചെത്തി ഏതാനം മാസങ്ങൾ കഴിഞ്ഞപ്പോൾ അതാ വരുന്നു ആ സെമസ്റ്ററിൽ അറ്റന്ഡന്സ് ഷോർട്ടേജ് എന്ന പേടിസ്വപ്നം. ഡീനിനെ കണ്ട് യാത്രയെപ്പറ്റി വിശദീകരിച്ചു. പുള്ളി വിടാനുള്ള ഭാവമില്ല. പ്രായമാകുമ്പോൾ പോകേണ്ട യാത്രകളാണിതൊക്കെ എന്ന് പറഞ്ഞൊരു വിരട്ട്. അവസാനം കാൽക്കൽ വീണു എങ്ങനെയോ തടിയൂരി. പക്ഷെ അദ്ദേഹത്തിന്റെ അന്നത്തെ ഉപദേശം മനസാ സ്വീകരിച്ചു. പ്രായമായി - ഇപ്പോഴും പൊയ്ക്കൊണ്ടേയിരിക്കുന്നു! ശുഭം







































