Saturday, June 6, 2015

പാഠം രണ്ട്: ഞങ്ങൾ നന്നാവില്ല - വിഴിഞ്ഞം ഞങ്ങൾക്ക് വേണ്ട ...എന്തേ?

കേന്ദ്ര മന്ത്രിയുടെ ഒരു വിരട്ടൽസ് - വിഴിഞ്ഞത്തിനു വേണ്ടെങ്കിൽ കുളചിലിനു കൊടുക്കും പോലും...കൊടുത്തോ. ആര് തടുക്കും എന്ന് നോക്കട്ടെ. നമ്മടെ നാട്  നന്നാവാൻ  നമ്മൾ സമ്മതിക്കില്ല എന്ന പൊതു തത്വം അറിയാത്ത താനൊക്കെ എവിടത്തെ കേന്ദ്ര മന്ത്രി ആടോ? ഇത് പോലത്തെ എട്ടു കേന്ദ്ര മന്ത്രിമാരെ സപ്ലൈ ചെയ്ത നാടാണിത് - ഒരു കൊല്ലം മുൻപ് വരെ, മറക്കണ്ട. അന്ന് നമ്മൾ ഒരു ചുക്കും ചെയ്തില്ല, പിന്നാ ഇപ്പോൾ. പെറ്റ തള്ളയ്ക്കു ഇല്ലാത്ത ദണ്ഡം തനിക്കു എന്തിനാടോ Mr. Gadkari?

റെയിൽവേ ബഡ്ജെറ്റിൽ പുതിയ ട്രെയിൻ ഇല്ലെങ്കിൽ ഞങ്ങൾ നിലവിളിക്കുമായ്രിക്കും - കേന്ദ്ര അവഗണ എന്ന്. അത് പോലെ സീരിയസ് ആയ എന്തെങ്കിലും ആണോ ഇത്? ഇത് ഒരു ചീള് പോർട്ട്‌ കേസ് - അതും തനി തിരോന്തോരോത്തു!  അത് കൊണ്ട് അപ്പി ഇപ്പൊ കെട്ടി കളിക്കണ്ട, കേട്ടാ.   കോഴിക്കോട്ടോ മലപ്പുറത്തൊ കോട്ടയത്തോ ആണെങ്കിൽ പിന്നെയും ഒരു കൈ നോക്കാമായിരുന്നു. (കണ്ടോ, കണ്ടോ.... പ്രാദേശികവാദവും വർഗീയവാദവും കൂട്ടി കുഴയ്കുന്നത് കണ്ടോ?) തിരോന്തോകാരന്മാര് മണ്ടന്മാരെടെ - ഈ കണ്ട കുണ്ടാമണ്ടിയെല്ലാം ഒപ്പിച്ചു വച്ചിട്ട് ഉളുപ്പില്ലാതെ അരുവിക്കരയിൽ പോയി വോട്ടു ചോദിക്കണ കണ്ടാ? അതാണ്‌.    

വിഴിഞ്ഞം പോര്ടിനു dredging വേണ്ട പോലും - അത്ര ആഴം ആണത്രെ. ഇങ്ങനെ മെഹബു പറയുന്നവർ, എത്ര തൊഴിൽ അവസരങ്ങൾ ആണ് ഇത് മൂലം നിഷേധിക്കപ്പെടുന്നത് എന്ന് അറിയുന്നുണ്ടോ  ആവോ.   അല്ലെങ്കിൽ തന്നെ എന്തിനാണ് ഈ കെട്ടുന്നത്? ഇന്ന് ഗർഭത്തിൽ ഇരിക്കുന്ന കുട്ടികള്ക്ക് നാളെ ഒരു കാലത്ത് ഗൾഫിലെ ജോലി സാദ്ധ്യതകൾ ഇല്ലാതാക്കനല്ലേ...പറ. അവർക്കും മറുനാടുകളിൽ പോയി ജോലി ചെയ്തു, ബോർ അടിക്കുമ്പോൾ ഫേസ്ബുക്കിൽ കണ്ടവന്റെ "Wow...you should see how this Norwegian port handles cargo" എന്ന് പോസ്റ്റ്‌ ചെയ്യാനുള്ള അവസരം നിഷേധിക്കാനല്ലേ?

അതെല്ലാം പോട്ടെ - ആരാ ഈ അദാനി? ഏഴോ എട്ടോ തുറമുഖങ്ങൾ കെട്ടിയും/നടത്തിയും പരിചയം മാത്രം ഉള്ള  തനി ഇന്ത്യൻ കമ്പനി-കണ്‍ട്രി ഫെല്ലോ. (വല്ല കാനഡയോ പോളണ്ടോ  ആണേൽ പിന്നെയും നോക്കാമായിരുന്നു)  അയാൾ മൂന്നു കൊല്ലം കൊണ്ട് കെട്ടി കളയും പോലും. പതുക്കെ വേണം.  മൂന്നു കൊല്ലം കൊണ്ട് കേട്ടുന്നതിന്റെ ഉത്സാഹം മനസ്സിലാക്കാനുള്ള ബുദ്ധി പ്രബുദ്ധരായ കേരളക്കാർക്കുണ്ടേ - ഈ കേന്ദ്ര സർക്കാരിന്റെ തന്നെ ഭരണ കാലത്ത് മോഡിയെ കൊണ്ട് വന്നു ലാവിഷായി ഉത്ഖാടനം നടത്താനല്ലേ? അതങ്ങ് കുളച്ചലിൽ പറഞ്ഞാ മതി. അങ്ങനെ വർഗീയത നമ്മുടെ മതേതരത്വം പൂത്തുലഞ്ഞു നില്ക്കുന്ന നാട്ടിലേക്ക് നുഴഞ്ഞു കയറാൻ ഞങ്ങൾ സമ്മതിക്കില്ല.

അദാനിയുടെ പോർട്ട്‌ ഞങ്ങൾക്ക് വേണ്ട. അങ്ങേരുടെ കെട്ട് ഞങ്ങൾക്ക് ഇഷ്ടമല്ല. പോയി കേസ് കൊട്. ഇല്ലെങ്കിൽ വിരട്ടിയ പോലെ കുളച്ചലിനു കൊട്. ഞങ്ങൾക്കുള്ള സാധനങ്ങൾ ഞങ്ങൾ അവിടെ നിന്ന് അമരവിള ചെക്ക്‌ പോസ്റ്റ്‌ വഴി ലോറിയിൽ കൊണ്ട് വന്നോളാം.  ഇപ്പോൾ പച്ചക്കറിയും അരിയും കോഴിയും കൊണ്ട് വരുന്നില്ലേ, അതേ ലൈൻ.

ഇനി കെട്ടണം എന്ന് നിർബന്ധം ആണേൽ പൊതു മരാമത്ത് വകുപ്പും കുടുംബ ശ്രീയും ചേർന്ന് കെട്ടണം. അവരാവുമ്പോൾ ഒരു കാലത്തും കപ്പൽ പോയിട്ട് കപ്പലണ്ടി പോലും കരയ്ക്കടുക്കില്ല. യേത്.  


വാൽക്കഷ്ണങ്ങൾ:

1. ഇവിടുത്തെ പേക്കൂത്തുകൾ കണ്ടിട്ട് മറ്റു തുറമുഖ നിർമാണ കമ്പനികൾ പറയുന്നുണ്ടാവും - ഈശ്വരാ, ഈ ഏണി എടുത്തു തലയിൽ വയ്ക്കാത്തത് എന്തൊരു ഭാഗ്യമായി എന്ന്.

2. അദാനി എന്റെ മിത്രമോ ശത്രുവോ അല്ല. എന്നാലും അദ്ദേഹത്തിന് എന്റ്റെ വക ഒരു ചിന്ന ടിപ് - വല്ല ജാതിയും കെട്ടി പൊക്കി എന്ന് തന്നെ ഇരിക്കട്ടെ. നടത്താൻ താൻ ഇമ്മിണി ഇഴയും. പണ്ട് ജയൻ പറഞ്ഞത് പോലെ....വിഴിഞ്ഞം പദ്ധതിയെ നിങ്ങൾ രക്ഷിക്കുമായിരിക്കും, പക്ഷെ നിങ്ങളെ ആര് രക്ഷിക്കും?  

3. നല്ല കാര്യങ്ങൾ മുടക്കുന്നതിനുള്ള മുടന്തൻ ന്യായങ്ങൾ പത്രങ്ങളിൽ വായിക്കുമ്പോൾ .....പന്ന നായിന്റെ മക്കളേ... എന്നൊക്കെ അലറണം എന്ന് തോന്നാറുണ്ട്. പക്ഷെ അലറാറില്ല. ഇവന്യൊക്കെ വസ്തുനിഷ്ടമായി വിളിക്കാനുള്ള അസഭ്യം അഥവാ തെറി നമ്മുടെ നിഘണ്ടുവിലില്ല. അത് കൊണ്ട് മാത്രം.

4. കൊച്ചി പഴയ കൊച്ചി അല്ലെന്നറിയാം. പക്ഷെ തിരോന്തോരം എപ്പോഴും  പഴയ  തിരോന്തോരം തന്നെ ആയിരിക്കും. എന്നും. ഒടുവിൽ ഉണ്ണികൃഷ്ണൻ സിനിമയിൽ പറഞ്ഞത് പോലെ - "സുകൃതക്ഷയം."

5. ഇത് തലസ്ഥാനത്തിന്റെ മാത്രം കഥ അല്ല. ഇതാണ് യഥാർത്ഥത്തിൽ ഒരു ദേശത്തിന്റെ കഥ. പൊറ്റെകാട് ക്ഷമിക്കണം.


No comments:

Post a Comment